ഇലക്‌ട്രിക് വാഹന വിഭാഗത്തിൽ എതിരാളികളേക്കാൾ ഏറെ മുന്നിലാണ് ജനപ്രിയരായ ടാറ്റ മോട്ടോർസ്. നെക്സോൺ ഇവിയിലൂടെ വിപണി പിടിച്ച കമ്പനി പിന്നീട് ടിഗോൾ കോംപാക്‌ട് സെഡാൻ ഇവിയിലൂടെ കളംനിറയുകയും ചെയ്‌തു. ദേ ഇപ്പോൾ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുടെ വിൽപ്പനയിൽ പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരിക്കുകയാണ് ടാറ്റ. ലോഞ്ച് ചെയ്തതിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് സബ് കോംപാക്‌ട് എസ്‌യുവിയുടെ 13,500 യൂണിറ്റിലധികമാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്.
നിലവിൽ ടാറ്റ നെക്‌സോൺ ഇവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ്. പ്രതിമാസം വാഹനത്തിന്റെ ശരാശരി 1000 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിക്കുന്നത്. സ്വകാര്യ ഉപഭോക്താക്കൾക്കായി ബ്രാൻഡ് പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്.